ഓര്‍മ്മകള്‍ ഒളിത്താവളങ്ങളില്‍ നിന്ന്
പുറപ്പെട്ടിട്ടുണ്ടാവില്ല...
വൈകുന്നേരത്തിന്റെ ആറ്റുവഞ്ചിയി ല്‍
ജീവിതം നിറച്ച സഞ്ചിയുമായി
കടവ് കടന്നു വേണം എന്റെ മുറിയിലെത്താന്‍.
എങ്ങനെ കുറ്റം പറയും
യാത്ര കഴിഞ്ഞു കുളിച്ചു വേണ്ടേ എന്നോട് രമിക്കാന്‍
പാതിബോധം ഒരു വല്ലായ്മയാണ്
ഉത്തരം വൈകിക്കൊണ്ടേ ഇരിക്കും.
കഞ്ചാവ് ശ്വസിക്കുന്നുണ്ടാകും.
വഞ്ചിയില്‍ വില്‍പ്പനയുണ്ടെന്നു
ഇന്നലത്തെ ജാരന്‍ പറഞ്ഞിരുന്നല്ലോ
കറുപ്പ് തിന്നു മയങ്ങിയവനായി
ഓര്‍മ്മ പടര്‍ന്നു കേറുന്നുണ്ടിപ്പോള്‍
രതിക്കിടയില്‍ ചാര്‍ച്ചകാരനെ
സ്വപ്നംകാണുന്നവളെപ്പോലെ
ഞാന്‍ വഴങ്ങി മടുക്കുന്നു
ഒന്നുറങ്ങിയിരുന്നെങ്കില്‍ മാറികിടക്കാമായിരുന്നു
ഉറക്കത്തില്‍ ഞെരിച്ചു കൊല്ലുന്ന
ഒരുവന്‍ കാത്തിരിക്കുമ്പോള്‍
ഈ ഉറക്കമില്ലായ്മയാണ് ഭേദം.
ഇന്നലെ അവനു വസ്ത്രങ്ങളോടായിരുന്നു താല്പര്യം.
ഇന്നത് എന്റെ മുടിയോടാവും.
പരസ്ത്രീകളുടെ/പുരുഷന്മാരുടെ ഗന്ധമാണ്
അവനെന്നും രാത്രിഞ്ചരന്‍
ചിലരുടെ പകലുകളെയും
അവന്‍ ഞെരിച്ചടക്കും
അവനു ഉറക്കമില്ല
അതിന്റെ കാമുകനാകയാല്‍..
അടയുന്നുണ്ട് എന്റെ കണ്ണുകള്‍
ഉറക്കത്തിന്റെ ചവിട്ടേറ്റ് തണുക്കുന്നുണ്ട്
കുളിരെന്നു കരുതാം, മരണമാവാതിരിക്കട്ടെ
പുറത്തു കരിയിലകള്‍ മെതിയുന്നുണ്ട്
എന്റെ കാതിനു താഴെ ഓര്‍മ്മ പിറുപിറുക്കുന്ന ഒച്ച
എന്റെ രക്തത്തെ ഊറ്റി കുടിക്കുന്നതില്‍
തുല്യ അവകാശികള്‍ എന്നനിലയ്ക്ക്
വീതിച്ചു കൊടുക്കപ്പെട്ടതാണ്
ഉണര്‍ച്ചകളെയും ഉറക്കത്തേയും
നാളെ ഒരു ഉണര്‍ച്ചയ്ക്ക് ജീവനുണ്ടായാല്‍
ഞാന്‍ എന്നെ മുറിയില്‍ അടച്ചിടും
ജാരസഞ്ചാരങ്ങളില്ലാത്ത അടച്ചിട്ട മുറിയില്‍
എനിക്ക് സ്വാതന്ത്രയാവണം.
ഇരുട്ടിന്റെ രോമകൂപങ്ങളില്‍ നിന്ന്
എന്റെ മാംസത്തെ മുക്തമാക്കണം
മണ്ണാഴത്തില്‍ നിന്ന് വേരുകളെന്ന പോലെ.