ഒളിച്ചോട്ടങ്ങള്‍ എങ്ങോട്ടാണ് ഒറ്റപ്പെടലിലേക്കോ,
ആള്‍ക്കൂട്ടത്തിലേക്കോ...
ഇറങ്ങി നടപ്പില്‍, നിര്‍ത്താതെ കത്തുന്നമരം
ജീവന്റെ ആന്തലിനോട് സമരസപ്പെട്ടിരിക്കുന്നു...
അവിടമാകെ മുടി കരിയുന്നതിന്റെയും
ഇറച്ചി വേവുന്നതിന്റെയും ഗന്ധം
അത് എന്നെ മത്തുപിടിപ്പിക്കുന്നു...
പുറപ്പെട്ടു പോകാന്‍ കൂട്ടാക്കാത്തതിനാല്‍
പാമ്പുകളും പക്ഷികളും അന്യനു മണമാകുന്നു....
ലഹരികളില്ലാത്ത ലോകത്തെ
ലഹരികളില്ലാത്ത ലോകത്തെ
എന്തിനു ഓര്‍ത്തെടുക്കണം...
ലഹരികള്‍ കുറ്റമല്ല അത് ഓര്‍മ്മയാണ്..
കട്ടചായ കുടിച്ചു കിറുങ്ങിയവന് ലഹരി നിറമാണ്...
ഒറ്റപ്പെടല്‍ ആഘോഷമാണ്, ആള്‍ക്കൂട്ടമാണ്...
നിന്റെ കയ്യില്‍ നീ പിടിക്കുന്നതിന്റെ
നമുക്ക് ചുറ്റും നാം മാത്രമുള്ളതിന്റെ
ആഘോഷങ്ങളാണ് തിരിച്ചു പോകലുകള്‍,
അതിനോളം പോന്നൊരു ഓര്‍മ്മപെടുത്തല്‍
വേറെ ഇല്ല...
അറിഞ്ഞ ശരീരം ചവിട്ടി തയഞ്ഞ
സൈക്കിള്‍ പോലെ
മനസുകൊണ്ട് നിയന്ത്രിക്കാം...
മനസ് പക്ഷെ വണ്ടിപിടിച്ച് ദൂരയാത്രയിലാണ്...
നിയന്ത്രണങ്ങളില്ലാത്തതിനാല്‍
വേഗത കൂടുതലാണ്...
അബോധത്തിന് കുറുകെ ബോധത്തിന്റെ
അപദസഞ്ചാരങ്ങളാണതു...
ഇണചേരുന്നതിന്റെ പുളച്ചിലിനോടുവില്‍
എന്റെയുള്ളില്‍ പാമ്പുകള്‍ പറ്റംപറ്റമായി പെറ്റുപെരുകും
അവ എന്റെ ഉള്‍ചുവരുകളില്‍ പുറ്റുകള്‍ ഉണ്ടാക്കും
വിചാരണമുറിക്കുള്ളില്‍ അവ
എനിക്കെതിരെയുള്ള തെളിവുകളാകും...
എങ്കിലും ഉടലിനെ ഉടലോടു ചേര്‍ക്കുന്ന
വേഗങ്ങള്‍ക്ക് മിതവേഗതാ ചട്ടങ്ങള്‍
പ്രാവര്‍ത്തികമാണോ?
ഇണചേരുന്നതിനു ന്യായീകരണമുണ്ടോ?
അത് ഒളിച്ചോട്ടത്തിന്റെ ഒറ്റയ്ക്കാവലിന്റെ
രസങ്ങളെ മുറിവേല്‍പ്പിക്കുമോ?
എല്ലാ പുണര്‍ച്ചകള്‍ക്കും ഒടുവില്‍
നാം ഒറ്റയാക്കപെടുന്നില്ലേ?
രതിയ്ക്കും തുടര്‍ച്ചയ്ക്കുമിടയില്‍
രതിയ്ക്കും തുടര്‍ച്ചയ്ക്കുമിടയില്‍
മനസിന്റെ സഞ്ചാരഗതി വിജാതീയമായിരിക്കും..
അറിഞ്ഞതിന്റെയും അറിവെത്താത്ത
ഇടങ്ങളുടെയും ഉരസല്‍ .
ഇണചേരാന്‍ മറ്റു കാരണങ്ങള്‍ വേണ്ടാത്ത
ഒരു ലോകത്ത് വിജാതീയ ദ്രുവങ്ങള്‍
ഒന്നിക്കുമായിരിക്കും.
അറിവുകള്‍ നിഷ്ഫലമാകുന്നിടത്തു
സജാതീയമാവില്ല തന്നെ.
ഉടലുകള്‍ ജയിക്കട്ടെ.
തോറ്റ മനുഷ്യര്‍ ഒളിത്താവളങ്ങള്‍ തേടിപ്പോകട്ടെ...
No comments:
Post a Comment