Friday, 27 January 2012

പുതപ്പിനടിയില്‍ ചുരുട്ടിവെച്ച ആകാശം........

രാത്രിയില്‍ മഫ്ലര്‍ തുന്നുന്ന പെണ്‍കുട്ടി
ചിത്രശലഭങ്ങളുടെ സ്വപ്നമായിരിക്കും 
യാത്രയ്ക്കൊടുവില്‍ എന്റെ ഞരമ്പുകളില്‍ പൂത്ത 
കത്തുന്ന വേരുകള്‍ പാതിയില്‍ ഉപേക്ഷിച്ച് 
ചിത്രശലഭങ്ങളെ തേടി ഒളിച്ചിരിക്കണമെന്നുണ്ട് എനിക്ക് 
കുറെയേറെ ചിന്തിക്കണമെന്നുണ്ട് 

പുതപ്പിനടിയില്‍ മിന്നാമിനുങ്ങുകളെ  
ഒളിപ്പിച്ചു ഇരുട്ടിനെ പകലാക്കണമെന്നും 
നുണകളുടെ ചിത്രങ്ങള്‍ വരച്ചു അതില്‍ നിറം കൊടുക്കണമെന്നും. 
വാതിലില്‍ ആരും മുട്ടാതിരുന്നെങ്ങില്‍
നീ അവളോടും എന്നോടും മാറിമാറി പറഞ്ഞ നുണകളെ 
കള്ളിതിരിച്ചു വരക്കാമായിരുന്നു
പൂത്തു പോയേക്കാവുന്ന ചില്ലകളെ
വെട്ടി നിയന്ത്രിക്കാമായിരുന്നു
പതിവിലും നേരത്തെ പുതപ്പിനടിയില്‍  
നീലആകാശങ്ങളെ ചുരുട്ടി വയ്ക്കാമായിരുന്നു 
പച്ച ഞരമ്പിന്റെ തിളക്കത്തിനായി കാത്തിരിക്കാമായിരുന്നു 
രാപ്പനിയില്‍ എന്റെ പാദസരത്തിന്റെ 
കറുപ്പിനെ കുറിച്ച് വേവലാതിപ്പെടാമായിരുന്നു... 
ഇന്നിപ്പോള്‍ എന്റെ മുന്‍പില്‍ പെണ്‍കുട്ടീ 
നീ  വിരിച്ചു വച്ച മഫ്ലറും നിന്റെ കൈകളും മാത്രമാകുമ്പോള്‍ 
നിന്റെ കണ്ണിന്റെ നിറവെനിക്കില്ല

അവനിപ്പോള്‍ ഇവിടെ ഇല്ല
ആകാശം  പച്ചയാവുന്നതേ ഇല്ല 
വരില്ലായിരിക്കും 
ഓര്‍മ്മയെ പെയ്യാന്‍ വിടുന്നതാണ് ഭംഗി 
വീട്ടില്‍ നിന്ന് റോഡിലേക്കുള്ള ഇടുങ്ങിയ പാതയില്‍ 
എന്നെ അടക്കിയിട്ടുണ്ട് 
നീ വരണം 
എന്നിട്ട് ചവിട്ടി നടക്കണം 
അവള്‍ തുന്നിയപോലൊരു മഫ്ലര്‍ എനിക്കും തരണം 
എന്നെ പുതപ്പിക്കണം....
വൈകുന്നേരത്തെ ഓര്‍മ്മ മതിയാവില്ലെന്ന്
വന്നിരിക്കുന്നു
നിന്നെ മറന്നുപോവാതിരിക്കാന്‍ ....

Thursday, 19 January 2012

രക്തസാക്ഷി എന്നനിലയില്‍ ഒരു പെണ്‍സഖാവിന്റെ ചില്ലിട്ട പടം

ച്ഛന്റെ പേപ്പര്‍ കൂനയില്‍ നിന്നാണ് 
കാറല്‍ മാക്സിനെ കളഞ്ഞു കിട്ടിയത് 
പൂജയ്ക്ക് വെയ്ക്കാന്‍ മോന്റെ പുസ്തകം തപ്പിയ മുത്തശ്ശിക്ക് 
പാരീസ് കമ്മ്യൂണ്‍ കിട്ടിയതും അതേ പേപ്പര്‍ കൂനയില്‍നിന്നു തന്നെ
ഹെഗലും മാര്‍ക്സും കൈകൊട്ടിക്കളിക്കുന്നതിനിടയിലാണ് 
മാര്‍ക്സിനെ ഞാന്‍ അടിച്ചോണ്ട് പോന്നത് 
അച്ഛനാണെന്ന് കരുതിയാണ് ആദ്യം ഉമ്മവെച്ചത്.
ഉമ്മറച്ചുവരിലെ മാലയിട്ട ചിത്രം അച്ഛനെന്നു ഞാന്‍ വിശ്വസിച്ചതേ ഇല്ല 
അതിനെക്കാള്‍ എനിക്കിഷ്ട്ടം ഈ ചൊറിയന്‍ താടിക്കാരനെയായിരുന്നു 
ചൂണ്ടികാണിച്ചു തരാന്‍ അമ്മയില്ലാതെപോയതുകൊണ്ട് 
എനിക്കിഷ്ട്ടമുള്ളവരെ ഞാന്‍ അച്ഛാ എന്ന് വിളിച്ചു 
പെറ്റവയറിന്റെ രാഷ്ട്രീയം പറയാന്‍ ആളില്ലാത്തതുകൊണ്ട് 
കണ്ടവരെയൊക്കെ അമ്മേയെന്നും. 

ചോരയുടെ നിറമെന്നറിയും മുന്‍പ് 
കൊടിയുടെ നിറമെന്നറിഞ്ഞു മുതിര്‍ന്നപ്പോള്‍ 
കോടതി കയറി നക്ഷത്രമെണ്ണി 
തല്ലുകേസിലെ പ്രതിയായി 
കണ്ടെടം നിരങ്ങി 
കമ്മറ്റിക്കാരിയായി   
ചുറ്റികത്തലപ്പില്‍ കത്തിമുനയില്‍ 
മരണത്തെ സ്വപ്നം കണ്ടു 
കല്ലെറിയാനും കരിയോയില്‍ ഒഴിക്കാനും 
തീവയ്ക്കാനും പഠിച്ചു.

ആജ്ഞയ്ക്ക് കാത്തുനിന്നു.
വിയര്‍പ്പൊഴുക്കി 
മറുകണ്ടത്തെ ഓര്‍ത്തു വികാരപ്പെട്ടു 
പാഠശാലകളില്‍ പൊതുനിരത്തില്‍ 
പത്രമാഫീസുകളില്‍ 
ഊക്കോടെ മുഴക്കിയ സിന്ദാബാദുകള്‍ 

പണി ഒരു പണിയാണെന്ന് കണ്ടപ്പോള്‍  
ജോലി ബൂര്‍ഷ്വാ സങ്കല്പ്പമെന്ന കാരണം പറഞ്ഞു. 
ഒന്നും വായിക്കാത്തത് കൊണ്ട് സൈദ്ധാന്തികപ്രശ്നങ്ങള്‍ തൊട്ടുതീണ്ടിയില്ല
സ്വതവാദം തലയില്‍ പൊറുതി തുടങ്ങിയില്ല 
കടംവാങ്ങിയ കാശിന്റെ അവധി വിപ്ലവം വരെ നീട്ടി ചോദിച്ചു  

ഒടുവില്‍ പ്രകടനത്തില്‍ ചവിട്ടേറ്റു മരിച്ചപ്പോള്‍ 
ഞാന്‍ വാര്‍ത്തയായി 
രക്തസാക്ഷി എന്നനിലയില്‍ സമ്മേളന പോസ്റ്ററുകളില്‍ തിളങ്ങിനിന്നു
അച്ഛന്റെ പടത്തിനരികില്‍ എന്റെ പടവും വന്നു 
ഇപ്പോള്‍ ഉമ്മവയ്ക്കുമ്പോള്‍ എനിക്ക് സംശയമേയില്ല 
ചുവരില്‍ തൂങ്ങുന്നവനെപ്രതി  ഇടയ്ക്കൊക്കെ 
അസ്തിത്വപ്രതിസന്ധി എന്നൊരു വാക്ക് ഓര്‍ത്തു പോകുന്നതോഴിച്ചാല്‍...



Thursday, 12 January 2012

പെണ്‍മാംസം;ചോരയില്‍ വറ്റിച്ചത് ഒരു പാചകകുറിപ്പ്..

ചില പ്രായോഗിക ചര്‍ച്ചയ്ക്കൊടുവിലാണ് 
നരമാംസം വിളമ്പാമെന്ന തീരുമാനത്തിലെത്തിയത്. 
പച്ചബോധത്തില്‍ ശരീരത്തെ വിളമ്പുന്നതില്‍ ഇല്ലാത്ത 
എന്ത് ധാര്‍മിക പ്രശ്നമാണ്   
പല്ലിനിടയില്‍ വെന്തതിനെ ചേര്‍ത്ത് ചവയ്ക്കുമ്പോള്‍ 
ഉണ്ടാകുന്നത് എന്ന ചോദ്യത്തിനോടുവിലാണ് 
അങ്ങനെയാവമെന്നു ഉറപ്പിച്ചത്. 
ഇളം പെണ്ണുവേണമെന്നാണ് അഭിപ്രായം 
കിട്ടിയാല്‍ തന്നെ ഇറച്ചിവെട്ടുകാരനില്ലാതെ എങ്ങനെ നുറുക്കും 
ചിക്കന്‍ മസാലയിലാണോ 
അതോ പോത്തിനെ വേവിക്കുംപോലെ വേണോ? 
എന്ന തീരുമാനം എനിക്ക് വിട്ടാണ് സഭ പിരിഞ്ഞത്. 
പുതിയ  പാചകകുറിപ്പില്‍ ചോരയില്‍ വേവിക്കണം 
എന്ന് എഴുതി ചേര്‍ക്കുമ്പോള്‍ 
മാക്സിമം യൂട്ടിലിട്ടി സിദ്ധാന്തമായിരുന്നു മനസ്സില്‍ 
മുടികുരുങ്ങി നാളെ വാഷ്ബേസിന്‍
അടയുന്നതും പേടിച്ചാണ് ഉറങ്ങാന്‍ കിടന്നത്. 
ഇറച്ചിവെട്ടുകാരനുമായി ഒരുവനെത്തുന്നതും കാത്തു 
പാതിയുറക്കം കട്ടിലിനു താഴെ കുന്തിച്ചിരിപ്പാണ് 
പടിപ്പുരയില്‍ സൈക്കിള്‍ മണിമുഴങ്ങിയപ്പോള്‍ 
എന്നേക്കാള്‍ മുന്‍പ് വാതിലിന്റെ ചാവി തേടിപ്പിടിച്ചത്  
അവന്‍ തന്നെയായിരുന്നു 
അവനു നാളെയെ പേടിയില്ല. അതാവും കാരണം   
പെണ്ണിനെ നടുവേ മുറിച്ചു പോളിത്തീന്‍ പൊതിഞ്ഞു 
കൊണ്ടുവന്നപ്പോഴും ആവേശത്തിന് 
തരിമ്പും മാറ്റമില്ല 

വെട്ടിക്കിട്ടാന്‍ താമസിച്ചത് പെണ്ണിന് മേനി 
കൂടിപോയതുകൊണ്ടാണെന്നത് വെട്ടുകാരന്റെ സാക്ഷ്യം 
ഉള്ളി മുളക് എന്നിവ സമം ചേര്‍ത്ത് എണ്ണയ്ക്ക് 
പകരം ചോര ചേര്‍ത്ത് വഴറ്റി 
മുളകുപുരട്ടിയ മാംസം നേര്‍പ്പിച്ച ചോരയില്‍ വറ്റിച്ചെടുത്തത് 
പെരുവയറനു തികയാതെ വരുമെന്നാണ് 
വെട്ടുകാരന്റെ സിദ്ധാന്തം 

ഏതായാലും തിന്നു മദിച്ച് പരുവം കേട്ട് 
സഭപിരിഞ്ഞപ്പോള്‍ വോട്കയില്‍ കാന്താരി ചേര്‍ത്തത് 
രുചിച്ചു കൊണ്ടു ചാരുപടിയില്‍ 
ആകാശം നോക്കി ഇരിക്കുകയായിരുന്നു ഞാന്‍ 
തോനുന്നത് പേടിയല്ലന്നത് വാസ്തവം 
പുലര്‍ച്ചെ  വെട്ടുകൊണ്ട വേദനയിലാണ് ഉണര്‍ച്ച, 
മതിയാവാതെ വന്നതാവും എന്ന് 
ഉറക്കത്തില്‍ തന്നെയാണ് ചിന്തിച്ചത്. 

എന്റെ രുചി നീയറിയൂ 
കൊള്ളാവുന്നതെങ്കില്‍ പങ്കുവെയ്ക്ക്  
തിന്ന് 
തിന്ന് 
മദിക്ക്  
നഖം മറ്റേവന് കൊടുക്ക്‌ 
മുടി നീയെടുത്തോ 
ഇറച്ചി ഇന്നലത്തെതില്‍ ചേര്‍ത്ത് വേവിക്ക് 
തിന്നപാപം കൂടെ വെന്തു തീരട്ടെ 
രുചിക്ക് കുരുമുളകിടൂ 
നിന്റെ നാവിനു 
ഞാന്‍ രുചിയെങ്കിലും ആവട്ടെ...