അച്ഛന്റെ പേപ്പര്‍ കൂനയില്‍ നിന്നാണ്
കാറല്‍ മാക്സിനെ കളഞ്ഞു കിട്ടിയത്
പൂജയ്ക്ക് വെയ്ക്കാന്‍ മോന്റെ പുസ്തകം തപ്പിയ മുത്തശ്ശിക്ക്
പാരീസ് കമ്മ്യൂണ്‍ കിട്ടിയതും അതേ പേപ്പര്‍ കൂനയില്‍നിന്നു തന്നെ
ഹെഗലും മാര്‍ക്സും കൈകൊട്ടിക്കളിക്കുന്നതിനിടയിലാണ്
മാര്‍ക്സിനെ ഞാന്‍ അടിച്ചോണ്ട് പോന്നത്
അച്ഛനാണെന്ന് കരുതിയാണ് ആദ്യം ഉമ്മവെച്ചത്.
ഉമ്മറച്ചുവരിലെ മാലയിട്ട ചിത്രം അച്ഛനെന്നു ഞാന്‍ വിശ്വസിച്ചതേ ഇല്ല
അതിനെക്കാള്‍ എനിക്കിഷ്ട്ടം ഈ ചൊറിയന്‍ താടിക്കാരനെയായിരുന്നു
ചൂണ്ടികാണിച്ചു തരാന്‍ അമ്മയില്ലാതെപോയതുകൊണ്ട്
എനിക്കിഷ്ട്ടമുള്ളവരെ ഞാന്‍ അച്ഛാ എന്ന് വിളിച്ചു
പെറ്റവയറിന്റെ രാഷ്ട്രീയം പറയാന്‍ ആളില്ലാത്തതുകൊണ്ട്
കണ്ടവരെയൊക്കെ അമ്മേയെന്നും.
ചോരയുടെ നിറമെന്നറിയും മുന്‍പ്
കൊടിയുടെ നിറമെന്നറിഞ്ഞു മുതിര്‍ന്നപ്പോള്‍
കോടതി കയറി നക്ഷത്രമെണ്ണി
തല്ലുകേസിലെ പ്രതിയായി
കണ്ടെടം നിരങ്ങി
കമ്മറ്റിക്കാരിയായി
ചുറ്റികത്തലപ്പില്‍ കത്തിമുനയില്‍
മരണത്തെ സ്വപ്നം കണ്ടു
കല്ലെറിയാനും കരിയോയില്‍ ഒഴിക്കാനും
തീവയ്ക്കാനും പഠിച്ചു.
ആജ്ഞയ്ക്ക് കാത്തുനിന്നു.
വിയര്‍പ്പൊഴുക്കി
മറുകണ്ടത്തെ ഓര്‍ത്തു വികാരപ്പെട്ടു
പാഠശാലകളില്‍ പൊതുനിരത്തില്‍
പത്രമാഫീസുകളില്‍
ഊക്കോടെ മുഴക്കിയ സിന്ദാബാദുകള്‍
പണി ഒരു പണിയാണെന്ന് കണ്ടപ്പോള്‍
ജോലി ബൂര്‍ഷ്വാ സങ്കല്പ്പമെന്ന കാരണം പറഞ്ഞു.
ഒന്നും വായിക്കാത്തത് കൊണ്ട് സൈദ്ധാന്തികപ്രശ്നങ്ങള്‍ തൊട്ടുതീണ്ടിയില്ല
സ്വതവാദം തലയില്‍ പൊറുതി തുടങ്ങിയില്ല
കടംവാങ്ങിയ കാശിന്റെ അവധി വിപ്ലവം വരെ നീട്ടി ചോദിച്ചു
ഒടുവില്‍ പ്രകടനത്തില്‍ ചവിട്ടേറ്റു മരിച്ചപ്പോള്‍
ഞാന്‍ വാര്‍ത്തയായി
രക്തസാക്ഷി എന്നനിലയില്‍ സമ്മേളന പോസ്റ്ററുകളില്‍ തിളങ്ങിനിന്നു
അച്ഛന്റെ പടത്തിനരികില്‍ എന്റെ പടവും വന്നു
ഇപ്പോള്‍ ഉമ്മവയ്ക്കുമ്പോള്‍ എനിക്ക് സംശയമേയില്ല
ചുവരില്‍ തൂങ്ങുന്നവനെപ്രതി ഇടയ്ക്കൊക്കെ
അസ്തിത്വപ്രതിസന്ധി എന്നൊരു വാക്ക് ഓര്‍ത്തു പോകുന്നതോഴിച്ചാല്‍....
No comments:
Post a Comment