Sunday, 29 April 2012

മടുപ്പിന് നിന്റെ ഛായ

മടുപ്പിന്റെ ആദ്യത്തെ ആഴ്ച 
അച്ഛന്‍ തലക്കടിച്ചു കൊന്ന പെണ്‍കുഞ്ഞിന്റെ വേദനയില്‍ 
ആര്‍ത്താര്‍ത്ത്  കരഞ്ഞു  
പിറക്കാതെ  എന്റെ ഉള്ളില്‍ ചത്തുവീണ   
കുഞ്ഞുങ്ങളുടെ ഓര്‍മ്മയില്‍ അലറി.
നിന്റെ ശ്രവങ്ങളാല്‍ നനഞ്ഞ തുടയിടുക്കില്‍ 
ശ്വാസംകിട്ടാതെ പിടഞ്ഞ എത്രയോ ബീജങ്ങളില്‍ 
പിറക്കാമായിരുന്ന  ഒരുപറ്റം കുഞ്ഞുങ്ങള്‍ 
കവിതയില്‍  ചത്തു പൊങ്ങിയ അക്ഷരങ്ങളില്‍ 
പുനര്‍ജനിക്കുന്നില്ല  അവ. 

ഇരട്ടജന്മങ്ങളില്‍  ഒറ്റപ്പെട്ടുപോയ  വഴിയില്‍ 
മടുപ്പിന്റെ രണ്ടാമത്തെ  ആഴ്ച്ച
കുഞ്ഞിനെ പോലെ പല്ലില്ലാതെ   കടിച്ചു വേദനിപ്പിക്കുന്നു... 
നഗരത്തിന്റെ വഴിയോരങ്ങളില്‍ 
പുസ്തക ചന്തയില്‍ 
ആള്‍ക്കൂട്ടത്തില്‍ എന്നെ നോക്കുന്ന കണ്ണുകള്‍ 
നിന്റെയാവില്ലെന്നറിയാം... 
നടന്നു പോയ പെണ്‍ പറ്റത്തിന്റെ   ഗന്ധത്തില്‍ 
കണ്ണടച്ച് നില്‍ക്കുന്ന നിന്നെ ഞാന്‍ കണ്ടതാണ്....  
നഗരം അപരചിതന്റെ കഴ്ച്ചയാല്‍ പല്ലിളിക്കുന്നു
ഇറങ്ങി നടന്ന ഓര്‍മ്മയില്‍  
തിരിച്ചുപോകാനുള്ള വഴികള്‍ രേഖപ്പെട്ടിട്ടില്ല 
പാതവക്കില്‍ അഴുക്കുകൂനയില്‍ 
ഉറങ്ങികിടക്കുന്ന തെരുവ് സന്തതീ 
 ആരുടെയൊക്കെയോ അടിയുടുപ്പുകളില്‍ 
നിന്റെ ഇരട്ടകള്‍ വെളുത്തു കിടപ്പുണ്ട് 

മടുത്തു മടുത്തു 
ഞാനീ ഓര്‍മ്മയെ തച്ചുകൊല്ലുബോള്‍  
എന്റെ മൂക്കിനു താഴെ 
നിന്റെ മണം 
ചൂട് 
ചൂര് 
അലറുന്നുണ്ട് ഞാന്‍
നീ കേള്‍ക്കുന്നില്ലല്ലോ 
കൊട്ടിയടക്കപ്പെട്ട നിന്റെ കേള്‍വിയ 
എന്റെ ഒച്ചയെ... 

No comments:

Post a Comment