Wednesday, 14 March 2012

ഇത്തിള്‍പ്പൂവുകള്‍, തൂവലുകള്‍, നിന്റെ പിന്‍ചെവി


ഉല്ലാസങ്ങളുടെ ഉടല്‍വേഗങ്ങളെ
പടിഞ്ഞാറന്‍ കാറ്റിന്റെ
വേഗത്തോട് ഉപമിച്ച്
ഇന്ധന ക്ഷാമത്തെ ഓര്‍ത്തു
കടല്‍ കടക്കാന്‍ ഒരുങ്ങിയ കപ്പലിന് പകരം
പായികപ്പലിനെ മേയാന്‍ വിട്ട്
അവന്‍ എന്ന പൊതു നിരത്തില്‍ നിന്ന്
അവള്‍ എന്ന സ്വകാര്യ വഴിയിലേക്ക്
എന്റെ വണ്ടികളെ
പാര്‍ക്ക്‌ ചെയ്യുമ്പോള്‍.
പെണ്ണറിവിന്റെ ഉടല്‍ചുവരുകളില്‍
നിന്റെ നിഴലിനെ കടന്നു
എന്റെ റോഡുകള്‍ വലുതാകുന്നു

ഇണയെ/ ഇരയെ കിട്ടിയ
ആസക്തിയുടെ ആണ്‍ ഭേദങ്ങളെ
എന്റെ വഴികള്‍ മുറിച്ചു കടക്കുന്നു
കുതിപ്പുകള്‍ക്കിടയില്‍
ഞെരിഞ്ഞമര്‍ന്ന തൂവലുകള്‍ പെറുക്കി കൂട്ടി
പിന്നെയും ചിറകുകള്‍ പിടിപ്പിച്ചിരുന്ന
പെണ്‍കുട്ടി ഞാന്‍ ഇപ്പോള്‍
കിടക്കറയെ പൂന്തോട്ടമാക്കുന്ന നിന്റെ മണങ്ങളില്‍
രഹസ്യങ്ങളെ ഒറ്റ കോശത്തില്‍
അടക്കം ചെയ്ത
നിന്റെ പിന്‍ ചെവിയ്ക്കരികെ പിടഞ്ഞു തീരുന്നു.

ഉടല്‍ വൃക്ഷത്തിന്റെ വേരുകളില്‍ നിന്നും
ഇത്തിളിന്റെ പൂക്കളെ ഇറുത്തെടുത്തു
നിന്റെ മുടിനാരില്‍ കോര്‍ത്ത്‌
നിനക്ക് സമ്മാനിക്കുമ്പോള്‍
നിന്റെ ഗന്ധത്തെ പ്രതി
എന്റെ വാടകമുറി കനച്ചു മണക്കുന്നു

ഭൂമിയുടെ എല്ലാ കോണുകളിലും
മാംസദാഹിയായ രാത്രികള്‍
ഭോഗത്തിന്റെ ഉപ്പുകടലില്‍
നങ്കൂരമിടുന്നു.
കിടപ്പുമുറിയുടെ മഞ്ഞച്ച ചുവരുകളില്‍
നിന്നും ഉടലിനെ പറ്റിയുള്ള
അവസാനത്തെ കവിത ഇറങ്ങി നടക്കുന്നു

Sunday, 5 February 2012

ഇരുട്ടിനെ പിടിച്ചു കെട്ടേണ്ടതുണ്ടോ?


നാട്ടുവഴികളില്‍ ഇരുട്ട് പതുങ്ങിയിരിക്കുന്നത് കണ്ടവരുണ്ട് 
റോഡില്‍ ചോരചത്ത വെളിച്ചത്തില്‍ 
യാത്രയ്ക്കിടയില്‍ ലോറിയിടിച്ചവന്റെ ചാവിലും 
അവന്റെ വിരലടയാളമുണ്ട്  
മഴയത്ത് കാട്ടിലൂടെ നടക്കുമ്പോള്‍ 
മഞ്ഞില്‍. 
കല്ലുതട്ടിവീഴുമ്പോള്‍ അവന്‍ അടുത്തുണ്ടായിരുന്നു 
ഓര്‍മ്മ കയര്‍ക്കുന്ന തെരുവില്‍ 
വെളിച്ചം കനക്കുന്ന നഗരത്തില്‍ 
ചൂട്ടുവെളിച്ചത്തില്‍
അവന്റെ കാല്‍പ്പാടു തെളിഞ്ഞു കണ്ടിട്ടില്ലേ? 
വഴിമാറി നടന്നിട്ടുണ്ടാകും 
നമ്മുടെ വഴികളില്‍ വെളിച്ചം പെയ്തപ്പോള്‍ 
ഉടലിനോട് ചേര്‍ന്ന് അവന്റെ ശ്വസമുണ്ടല്ലോ... 
നടവഴിയില്‍
മുറ്റിയ കള്ളില്‍ മലച്ചു വീണവന്റെ ഉടുപ്പിലും ഓര്‍മ്മയിലും 
അവന്‍ കേറിപറ്റിയിട്ടുണ്ട് 
കണ്ണുകാണാത്തവന്റെ കൃഷ്ണമണിയില്‍ അവന്റെ നിഴലുണ്ട് 
വിശപ്പിന്റെ ഞരമ്പില്‍ അവന്‍ പൂത്തുനില്‍പ്പുണ്ട് 
വേശ്യയുടെ അരയില്‍ 
മെത്തയില്‍ 
അവളുടെ വിയര്‍പ്പില്‍ 
അവനൊരു കണ്ണുണ്ട് 
ഒളിഞ്ഞു നോക്കുന്നുണ്ടവന്‍.
ഒറ്റുകാരനെപ്പോലെ. 

Friday, 27 January 2012

പുതപ്പിനടിയില്‍ ചുരുട്ടിവെച്ച ആകാശം........

രാത്രിയില്‍ മഫ്ലര്‍ തുന്നുന്ന പെണ്‍കുട്ടി
ചിത്രശലഭങ്ങളുടെ സ്വപ്നമായിരിക്കും 
യാത്രയ്ക്കൊടുവില്‍ എന്റെ ഞരമ്പുകളില്‍ പൂത്ത 
കത്തുന്ന വേരുകള്‍ പാതിയില്‍ ഉപേക്ഷിച്ച് 
ചിത്രശലഭങ്ങളെ തേടി ഒളിച്ചിരിക്കണമെന്നുണ്ട് എനിക്ക് 
കുറെയേറെ ചിന്തിക്കണമെന്നുണ്ട് 

പുതപ്പിനടിയില്‍ മിന്നാമിനുങ്ങുകളെ  
ഒളിപ്പിച്ചു ഇരുട്ടിനെ പകലാക്കണമെന്നും 
നുണകളുടെ ചിത്രങ്ങള്‍ വരച്ചു അതില്‍ നിറം കൊടുക്കണമെന്നും. 
വാതിലില്‍ ആരും മുട്ടാതിരുന്നെങ്ങില്‍
നീ അവളോടും എന്നോടും മാറിമാറി പറഞ്ഞ നുണകളെ 
കള്ളിതിരിച്ചു വരക്കാമായിരുന്നു
പൂത്തു പോയേക്കാവുന്ന ചില്ലകളെ
വെട്ടി നിയന്ത്രിക്കാമായിരുന്നു
പതിവിലും നേരത്തെ പുതപ്പിനടിയില്‍  
നീലആകാശങ്ങളെ ചുരുട്ടി വയ്ക്കാമായിരുന്നു 
പച്ച ഞരമ്പിന്റെ തിളക്കത്തിനായി കാത്തിരിക്കാമായിരുന്നു 
രാപ്പനിയില്‍ എന്റെ പാദസരത്തിന്റെ 
കറുപ്പിനെ കുറിച്ച് വേവലാതിപ്പെടാമായിരുന്നു... 
ഇന്നിപ്പോള്‍ എന്റെ മുന്‍പില്‍ പെണ്‍കുട്ടീ 
നീ  വിരിച്ചു വച്ച മഫ്ലറും നിന്റെ കൈകളും മാത്രമാകുമ്പോള്‍ 
നിന്റെ കണ്ണിന്റെ നിറവെനിക്കില്ല

അവനിപ്പോള്‍ ഇവിടെ ഇല്ല
ആകാശം  പച്ചയാവുന്നതേ ഇല്ല 
വരില്ലായിരിക്കും 
ഓര്‍മ്മയെ പെയ്യാന്‍ വിടുന്നതാണ് ഭംഗി 
വീട്ടില്‍ നിന്ന് റോഡിലേക്കുള്ള ഇടുങ്ങിയ പാതയില്‍ 
എന്നെ അടക്കിയിട്ടുണ്ട് 
നീ വരണം 
എന്നിട്ട് ചവിട്ടി നടക്കണം 
അവള്‍ തുന്നിയപോലൊരു മഫ്ലര്‍ എനിക്കും തരണം 
എന്നെ പുതപ്പിക്കണം....
വൈകുന്നേരത്തെ ഓര്‍മ്മ മതിയാവില്ലെന്ന്
വന്നിരിക്കുന്നു
നിന്നെ മറന്നുപോവാതിരിക്കാന്‍ ....

Thursday, 19 January 2012

രക്തസാക്ഷി എന്നനിലയില്‍ ഒരു പെണ്‍സഖാവിന്റെ ചില്ലിട്ട പടം

അച്ഛന്റെ പേപ്പര്‍ കൂനയില്‍ നിന്നാണ് 
കാറല്‍ മാക്സിനെ കളഞ്ഞു കിട്ടിയത് 
പൂജയ്ക്ക് വെയ്ക്കാന്‍ മോന്റെ പുസ്തകം തപ്പിയ മുത്തശ്ശിക്ക് 
പാരീസ് കമ്മ്യൂണ്‍ കിട്ടിയതും അതേ പേപ്പര്‍ കൂനയില്‍നിന്നു തന്നെ
ഹെഗലും മാര്‍ക്സും കൈകൊട്ടിക്കളിക്കുന്നതിനിടയിലാണ് 
മാര്‍ക്സിനെ ഞാന്‍ അടിച്ചോണ്ട് പോന്നത് 
അച്ഛനാണെന്ന് കരുതിയാണ് ആദ്യം ഉമ്മവെച്ചത്.
ഉമ്മറച്ചുവരിലെ മാലയിട്ട ചിത്രം അച്ഛനെന്നു ഞാന്‍ വിശ്വസിച്ചതേ ഇല്ല 
അതിനെക്കാള്‍ എനിക്കിഷ്ട്ടം ഈ ചൊറിയന്‍ താടിക്കാരനെയായിരുന്നു 
ചൂണ്ടികാണിച്ചു തരാന്‍ അമ്മയില്ലാതെപോയതുകൊണ്ട് 
എനിക്കിഷ്ട്ടമുള്ളവരെ ഞാന്‍ അച്ഛാ എന്ന് വിളിച്ചു 
പെറ്റവയറിന്റെ രാഷ്ട്രീയം പറയാന്‍ ആളില്ലാത്തതുകൊണ്ട് 
കണ്ടവരെയൊക്കെ അമ്മേയെന്നും. 

ചോരയുടെ നിറമെന്നറിയും മുന്‍പ് 
കൊടിയുടെ നിറമെന്നറിഞ്ഞു മുതിര്‍ന്നപ്പോള്‍ 
കോടതി കയറി നക്ഷത്രമെണ്ണി 
തല്ലുകേസിലെ പ്രതിയായി 
കണ്ടെടം നിരങ്ങി 
കമ്മറ്റിക്കാരിയായി   
ചുറ്റികത്തലപ്പില്‍ കത്തിമുനയില്‍ 
മരണത്തെ സ്വപ്നം കണ്ടു 
കല്ലെറിയാനും കരിയോയില്‍ ഒഴിക്കാനും 
തീവയ്ക്കാനും പഠിച്ചു.

ആജ്ഞയ്ക്ക് കാത്തുനിന്നു.
വിയര്‍പ്പൊഴുക്കി 
മറുകണ്ടത്തെ ഓര്‍ത്തു വികാരപ്പെട്ടു 
പാഠശാലകളില്‍ പൊതുനിരത്തില്‍ 
പത്രമാഫീസുകളില്‍ 
ഊക്കോടെ മുഴക്കിയ സിന്ദാബാദുകള്‍ 

പണി ഒരു പണിയാണെന്ന് കണ്ടപ്പോള്‍  
ജോലി ബൂര്‍ഷ്വാ സങ്കല്പ്പമെന്ന കാരണം പറഞ്ഞു. 
ഒന്നും വായിക്കാത്തത് കൊണ്ട് സൈദ്ധാന്തികപ്രശ്നങ്ങള്‍ തൊട്ടുതീണ്ടിയില്ല
സ്വതവാദം തലയില്‍ പൊറുതി തുടങ്ങിയില്ല 
കടംവാങ്ങിയ കാശിന്റെ അവധി വിപ്ലവം വരെ നീട്ടി ചോദിച്ചു  

ഒടുവില്‍ പ്രകടനത്തില്‍ ചവിട്ടേറ്റു മരിച്ചപ്പോള്‍ 
ഞാന്‍ വാര്‍ത്തയായി 
രക്തസാക്ഷി എന്നനിലയില്‍ സമ്മേളന പോസ്റ്ററുകളില്‍ തിളങ്ങിനിന്നു
അച്ഛന്റെ പടത്തിനരികില്‍ എന്റെ പടവും വന്നു 
ഇപ്പോള്‍ ഉമ്മവയ്ക്കുമ്പോള്‍ എനിക്ക് സംശയമേയില്ല 
ചുവരില്‍ തൂങ്ങുന്നവനെപ്രതി  ഇടയ്ക്കൊക്കെ 
അസ്തിത്വപ്രതിസന്ധി എന്നൊരു വാക്ക് ഓര്‍ത്തു പോകുന്നതോഴിച്ചാല്‍.... 



Thursday, 12 January 2012

പെണ്‍മാംസം;ചോരയില്‍ വറ്റിച്ചത് ഒരു പാചകകുറിപ്പ്..

ചില പ്രായോഗിക ചര്‍ച്ചയ്ക്കൊടുവിലാണ് 
നരമാംസം വിളമ്പാമെന്ന തീരുമാനത്തിലെത്തിയത്. 
പച്ചബോധത്തില്‍ ശരീരത്തെ വിളമ്പുന്നതില്‍ ഇല്ലാത്ത 
എന്ത് ധാര്‍മിക പ്രശ്നമാണ്   
പല്ലിനിടയില്‍ വെന്തതിനെ ചേര്‍ത്ത് ചവയ്ക്കുമ്പോള്‍ 
ഉണ്ടാകുന്നത് എന്ന ചോദ്യത്തിനോടുവിലാണ് 
അങ്ങനെയാവമെന്നു ഉറപ്പിച്ചത്. 
ഇളം പെണ്ണുവേണമെന്നാണ് അഭിപ്രായം 
കിട്ടിയാല്‍ തന്നെ ഇറച്ചിവെട്ടുകാരനില്ലാതെ എങ്ങനെ നുറുക്കും 
ചിക്കന്‍ മസാലയിലാണോ 
അതോ പോത്തിനെ വേവിക്കുംപോലെ വേണോ? 
എന്ന തീരുമാനം എനിക്ക് വിട്ടാണ് സഭ പിരിഞ്ഞത്. 
പുതിയ  പാചകകുറിപ്പില്‍ ചോരയില്‍ വേവിക്കണം 
എന്ന് എഴുതി ചേര്‍ക്കുമ്പോള്‍ 
മാക്സിമം യൂട്ടിലിട്ടി സിദ്ധാന്തമായിരുന്നു മനസ്സില്‍ 
മുടികുരുങ്ങി നാളെ വാഷ്ബേസിന്‍
അടയുന്നതും പേടിച്ചാണ് ഉറങ്ങാന്‍ കിടന്നത്. 
ഇറച്ചിവെട്ടുകാരനുമായി ഒരുവനെത്തുന്നതും കാത്തു 
പാതിയുറക്കം കട്ടിലിനു താഴെ കുന്തിച്ചിരിപ്പാണ് 
പടിപ്പുരയില്‍ സൈക്കിള്‍ മണിമുഴങ്ങിയപ്പോള്‍ 
എന്നേക്കാള്‍ മുന്‍പ് വാതിലിന്റെ ചാവി തേടിപ്പിടിച്ചത്  
അവന്‍ തന്നെയായിരുന്നു 
അവനു നാളെയെ പേടിയില്ല. അതാവും കാരണം   
പെണ്ണിനെ നടുവേ മുറിച്ചു പോളിത്തീന്‍ പൊതിഞ്ഞു 
കൊണ്ടുവന്നപ്പോഴും ആവേശത്തിന് 
തരിമ്പും മാറ്റമില്ല 

വെട്ടിക്കിട്ടാന്‍ താമസിച്ചത് പെണ്ണിന് മേനി 
കൂടിപോയതുകൊണ്ടാണെന്നത് വെട്ടുകാരന്റെ സാക്ഷ്യം 
ഉള്ളി മുളക് എന്നിവ സമം ചേര്‍ത്ത് എണ്ണയ്ക്ക് 
പകരം ചോര ചേര്‍ത്ത് വഴറ്റി 
മുളകുപുരട്ടിയ മാംസം നേര്‍പ്പിച്ച ചോരയില്‍ വറ്റിച്ചെടുത്തത് 
പെരുവയറനു തികയാതെ വരുമെന്നാണ് 
വെട്ടുകാരന്റെ സിദ്ധാന്തം 

ഏതായാലും തിന്നു മദിച്ച് പരുവം കേട്ട് 
സഭപിരിഞ്ഞപ്പോള്‍ വോട്കയില്‍ കാന്താരി ചേര്‍ത്തത് 
രുചിച്ചു കൊണ്ടു ചാരുപടിയില്‍ 
ആകാശം നോക്കി ഇരിക്കുകയായിരുന്നു ഞാന്‍ 
തോനുന്നത് പേടിയല്ലന്നത് വാസ്തവം 
പുലര്‍ച്ചെ  വെട്ടുകൊണ്ട വേദനയിലാണ് ഉണര്‍ച്ച, 
മതിയാവാതെ വന്നതാവും എന്ന് 
ഉറക്കത്തില്‍ തന്നെയാണ് ചിന്തിച്ചത്. 

എന്റെ രുചി നീയറിയൂ 
കൊള്ളാവുന്നതെങ്കില്‍ പങ്കുവെയ്ക്ക്  
തിന്ന് 
തിന്ന് 
മദിക്ക്  
നഖം മറ്റേവന് കൊടുക്ക്‌ 
മുടി നീയെടുത്തോ 
ഇറച്ചി ഇന്നലത്തെതില്‍ ചേര്‍ത്ത് വേവിക്ക് 
തിന്നപാപം കൂടെ വെന്തു തീരട്ടെ 
രുചിക്ക് കുരുമുളകിടൂ 
നിന്റെ നാവിനു 
ഞാന്‍ രുചിയെങ്കിലും ആവട്ടെ...

Saturday, 31 December 2011

ജാരസഞ്ചാരങ്ങളുടെ മുറിയില്‍

ഓര്‍മ്മകള്‍ ഒളിത്താവളങ്ങളില്‍ നിന്ന് 
പുറപ്പെട്ടിട്ടുണ്ടാവില്ല...
വൈകുന്നേരത്തിന്റെ ആറ്റുവഞ്ചിയില്‍ 

ജീവിതം നിറച്ച സഞ്ചിയുമായി 

കടവ് കടന്നു വേണം എന്റെ മുറിയിലെത്താന്‍. 

എങ്ങനെ കുറ്റം പറയും

യാത്ര കഴിഞ്ഞു കുളിച്ചു വേണ്ടേ എന്നോട് രമിക്കാന്‍ 

പാതിബോധം ഒരു വല്ലായ്മയാണ് 

ഉത്തരം വൈകിക്കൊണ്ടേ ഇരിക്കും. 

കഞ്ചാവ്  ശ്വസിക്കുന്നുണ്ടാകും. 

വഞ്ചിയില്‍ വില്‍പ്പനയുണ്ടെന്നു
ഇന്നലത്തെ ജാരന്‍ പറഞ്ഞിരുന്നല്ലോ 

കറുപ്പ് തിന്നു മയങ്ങിയവനായി 
ഓര്‍മ്മ പടര്‍ന്നു കേറുന്നുണ്ടിപ്പോള്‍

രതിക്കിടയില്‍ ചാര്‍ച്ചകാരനെ
സ്വപ്നംകാണുന്നവളെപ്പോലെ 

ഞാന്‍ വഴങ്ങി മടുക്കുന്നു 

ഒന്നുറങ്ങിയിരുന്നെങ്കില്‍ മാറികിടക്കാമായിരുന്നു

ഉറക്കത്തില്‍ ഞെരിച്ചു കൊല്ലുന്ന
ഒരുവന്‍ കാത്തിരിക്കുമ്പോള്‍

ഈ ഉറക്കമില്ലായ്മയാണ് ഭേദം. 



ഇന്നലെ അവനു വസ്ത്രങ്ങളോടായിരുന്നു താല്പര്യം.  

ഇന്നത്‌ എന്റെ മുടിയോടാവും.

പരസ്ത്രീകളുടെ/പുരുഷന്മാരുടെ ഗന്ധമാണ്
അവനെന്നും രാത്രിഞ്ചരന്‍ 

ചിലരുടെ പകലുകളെയും
അവന്‍ ഞെരിച്ചടക്കും 

അവനു ഉറക്കമില്ല 
അതിന്റെ കാമുകനാകയാല്‍.. 

അടയുന്നുണ്ട്‌ എന്റെ കണ്ണുകള്‍

ഉറക്കത്തിന്റെ ചവിട്ടേറ്റ് തണുക്കുന്നുണ്ട്

കുളിരെന്നു കരുതാം, മരണമാവാതിരിക്കട്ടെ

പുറത്തു കരിയിലകള്‍ മെതിയുന്നുണ്ട്    

എന്റെ കാതിനു താഴെ ഓര്‍മ്മ പിറുപിറുക്കുന്ന ഒച്ച  

എന്റെ രക്തത്തെ ഊറ്റി കുടിക്കുന്നതില്‍ 

തുല്യ അവകാശികള്‍ എന്നനിലയ്ക്ക്‌ 

വീതിച്ചു കൊടുക്കപ്പെട്ടതാണ്
ഉണര്‍ച്ചകളെയും ഉറക്കത്തേയും



നാളെ ഒരു ഉണര്‍ച്ചയ്ക്ക് ജീവനുണ്ടായാല്‍ 

ഞാന്‍ എന്നെ മുറിയില്‍ അടച്ചിടും 

ജാരസഞ്ചാരങ്ങളില്ലാത്ത അടച്ചിട്ട മുറിയില്‍ 

എനിക്ക് സ്വാതന്ത്രയാവണം. 

ഇരുട്ടിന്റെ രോമകൂപങ്ങളില്‍ നിന്ന് 

എന്റെ മാംസത്തെ മുക്തമാക്കണം

മണ്ണാഴത്തില്‍ നിന്ന് വേരുകളെന്ന പോലെ. 


Thursday, 22 December 2011

ഉടല്‍ചൊരുക്ക്

ഒളിച്ചോട്ടങ്ങള്‍ എങ്ങോട്ടാണ് ഒറ്റപ്പെടലിലേക്കോ,
ആള്‍ക്കൂട്ടത്തിലേക്കോ...
ഇറങ്ങി നടപ്പില്‍, നിര്‍ത്താതെ കത്തുന്നമരം 
ജീവന്റെ ആന്തലിനോട് സമരസപ്പെട്ടിരിക്കുന്നു...  
അവിടമാകെ മുടി കരിയുന്നതിന്റെയും 
ഇറച്ചി വേവുന്നതിന്റെയും ഗന്ധം
അത് എന്നെ മത്തുപിടിപ്പിക്കുന്നു... 
പുറപ്പെട്ടു  പോകാന്‍ കൂട്ടാക്കാത്തതിനാല്‍ 
പാമ്പുകളും പക്ഷികളും അന്യനു മണമാകുന്നു....
ലഹരികളില്ലാത്ത ലോകത്തെ 
എന്തിനു ഓര്‍ത്തെടുക്കണം... 
ലഹരികള്‍ കുറ്റമല്ല അത് ഓര്‍മ്മയാണ്.. 
കട്ടചായ കുടിച്ചു കിറുങ്ങിയവന് ലഹരി നിറമാണ്‌... 
ഒറ്റപ്പെടല്‍ ആഘോഷമാണ്, ആള്‍ക്കൂട്ടമാണ്...   
നിന്റെ കയ്യില്‍ നീ പിടിക്കുന്നതിന്റെ 
നമുക്ക് ചുറ്റും നാം മാത്രമുള്ളതിന്റെ 
ആഘോഷങ്ങളാണ് തിരിച്ചു പോകലുകള്‍, 
അതിനോളം പോന്നൊരു ഓര്‍മ്മപെടുത്തല്‍ 
വേറെ ഇല്ല... 
  
അറിഞ്ഞ  ശരീരം ചവിട്ടി തയഞ്ഞ 
സൈക്കിള്‍ പോലെ 
മനസുകൊണ്ട് നിയന്ത്രിക്കാം... 
മനസ് പക്ഷെ വണ്ടിപിടിച്ച് ദൂരയാത്രയിലാണ്... 
നിയന്ത്രണങ്ങളില്ലാത്തതിനാല്‍  
വേഗത കൂടുതലാണ്... 
അബോധത്തിന് കുറുകെ ബോധത്തിന്റെ 
അപദസഞ്ചാരങ്ങളാണതു... 
ഇണചേരുന്നതിന്റെ പുളച്ചിലിനോടുവില്‍ 
എന്റെയുള്ളില്‍ പാമ്പുകള്‍ പറ്റംപറ്റമായി പെറ്റുപെരുകും 
അവ എന്റെ ഉള്‍ചുവരുകളില്‍ പുറ്റുകള്‍  ഉണ്ടാക്കും 
വിചാരണമുറിക്കുള്ളില്‍ അവ 
എനിക്കെതിരെയുള്ള തെളിവുകളാകും... 
എങ്കിലും ഉടലിനെ ഉടലോടു ചേര്‍ക്കുന്ന 
വേഗങ്ങള്‍ക്ക് മിതവേഗതാ ചട്ടങ്ങള്‍ 
പ്രാവര്‍ത്തികമാണോ? 
ഇണചേരുന്നതിനു  ന്യായീകരണമുണ്ടോ? 
അത് ഒളിച്ചോട്ടത്തിന്റെ ഒറ്റയ്ക്കാവലിന്റെ 
രസങ്ങളെ മുറിവേല്‍പ്പിക്കുമോ? 
എല്ലാ പുണര്‍ച്ചകള്‍ക്കും ഒടുവില്‍ 
നാം ഒറ്റയാക്കപെടുന്നില്ലേ? 
രതിയ്ക്കും തുടര്‍ച്ചയ്ക്കുമിടയില്‍ 
മനസിന്റെ സഞ്ചാരഗതി വിജാതീയമായിരിക്കും.. 
അറിഞ്ഞതിന്റെയും അറിവെത്താത്ത 
ഇടങ്ങളുടെയും ഉരസല്‍  . 
ഇണചേരാന്‍ മറ്റു കാരണങ്ങള്‍ വേണ്ടാത്ത 
ഒരു ലോകത്ത് വിജാതീയ ദ്രുവങ്ങള്‍ 
ഒന്നിക്കുമായിരിക്കും. 
അറിവുകള്‍ നിഷ്ഫലമാകുന്നിടത്തു 
സജാതീയമാവില്ല തന്നെ.
ഉടലുകള്‍ ജയിക്കട്ടെ. 
തോറ്റ മനുഷ്യര്‍ ഒളിത്താവളങ്ങള്‍ തേടിപ്പോകട്ടെ...