Saturday 31 December 2011

ജാരസഞ്ചാരങ്ങളുടെ മുറിയില്‍

ഓര്‍മ്മകള്‍ ഒളിത്താവളങ്ങളില്‍ നിന്ന് 
പുറപ്പെട്ടിട്ടുണ്ടാവില്ല...
വൈകുന്നേരത്തിന്റെ ആറ്റുവഞ്ചിയില്‍ 

ജീവിതം നിറച്ച സഞ്ചിയുമായി 

കടവ് കടന്നു വേണം എന്റെ മുറിയിലെത്താന്‍. 

എങ്ങനെ കുറ്റം പറയും

യാത്ര കഴിഞ്ഞു കുളിച്ചു വേണ്ടേ എന്നോട് രമിക്കാന്‍ 

പാതിബോധം ഒരു വല്ലായ്മയാണ് 

ഉത്തരം വൈകിക്കൊണ്ടേ ഇരിക്കും. 

കഞ്ചാവ്  ശ്വസിക്കുന്നുണ്ടാകും. 

വഞ്ചിയില്‍ വില്‍പ്പനയുണ്ടെന്നു
ഇന്നലത്തെ ജാരന്‍ പറഞ്ഞിരുന്നല്ലോ 

കറുപ്പ് തിന്നു മയങ്ങിയവനായി 
ഓര്‍മ്മ പടര്‍ന്നു കേറുന്നുണ്ടിപ്പോള്‍

രതിക്കിടയില്‍ ചാര്‍ച്ചകാരനെ
സ്വപ്നംകാണുന്നവളെപ്പോലെ 

ഞാന്‍ വഴങ്ങി മടുക്കുന്നു 

ഒന്നുറങ്ങിയിരുന്നെങ്കില്‍ മാറികിടക്കാമായിരുന്നു

ഉറക്കത്തില്‍ ഞെരിച്ചു കൊല്ലുന്ന
ഒരുവന്‍ കാത്തിരിക്കുമ്പോള്‍

ഈ ഉറക്കമില്ലായ്മയാണ് ഭേദം. 



ഇന്നലെ അവനു വസ്ത്രങ്ങളോടായിരുന്നു താല്പര്യം.  

ഇന്നത്‌ എന്റെ മുടിയോടാവും.

പരസ്ത്രീകളുടെ/പുരുഷന്മാരുടെ ഗന്ധമാണ്
അവനെന്നും രാത്രിഞ്ചരന്‍ 

ചിലരുടെ പകലുകളെയും
അവന്‍ ഞെരിച്ചടക്കും 

അവനു ഉറക്കമില്ല 
അതിന്റെ കാമുകനാകയാല്‍.. 

അടയുന്നുണ്ട്‌ എന്റെ കണ്ണുകള്‍

ഉറക്കത്തിന്റെ ചവിട്ടേറ്റ് തണുക്കുന്നുണ്ട്

കുളിരെന്നു കരുതാം, മരണമാവാതിരിക്കട്ടെ

പുറത്തു കരിയിലകള്‍ മെതിയുന്നുണ്ട്    

എന്റെ കാതിനു താഴെ ഓര്‍മ്മ പിറുപിറുക്കുന്ന ഒച്ച  

എന്റെ രക്തത്തെ ഊറ്റി കുടിക്കുന്നതില്‍ 

തുല്യ അവകാശികള്‍ എന്നനിലയ്ക്ക്‌ 

വീതിച്ചു കൊടുക്കപ്പെട്ടതാണ്
ഉണര്‍ച്ചകളെയും ഉറക്കത്തേയും



നാളെ ഒരു ഉണര്‍ച്ചയ്ക്ക് ജീവനുണ്ടായാല്‍ 

ഞാന്‍ എന്നെ മുറിയില്‍ അടച്ചിടും 

ജാരസഞ്ചാരങ്ങളില്ലാത്ത അടച്ചിട്ട മുറിയില്‍ 

എനിക്ക് സ്വാതന്ത്രയാവണം. 

ഇരുട്ടിന്റെ രോമകൂപങ്ങളില്‍ നിന്ന് 

എന്റെ മാംസത്തെ മുക്തമാക്കണം

മണ്ണാഴത്തില്‍ നിന്ന് വേരുകളെന്ന പോലെ. 


Thursday 22 December 2011

ഉടല്‍ചൊരുക്ക്

ഒളിച്ചോട്ടങ്ങള്‍ എങ്ങോട്ടാണ് ഒറ്റപ്പെടലിലേക്കോ,
ആള്‍ക്കൂട്ടത്തിലേക്കോ...
ഇറങ്ങി നടപ്പില്‍, നിര്‍ത്താതെ കത്തുന്നമരം 
ജീവന്റെ ആന്തലിനോട് സമരസപ്പെട്ടിരിക്കുന്നു...  
അവിടമാകെ മുടി കരിയുന്നതിന്റെയും 
ഇറച്ചി വേവുന്നതിന്റെയും ഗന്ധം
അത് എന്നെ മത്തുപിടിപ്പിക്കുന്നു... 
പുറപ്പെട്ടു  പോകാന്‍ കൂട്ടാക്കാത്തതിനാല്‍ 
പാമ്പുകളും പക്ഷികളും അന്യനു മണമാകുന്നു....
ലഹരികളില്ലാത്ത ലോകത്തെ 
എന്തിനു ഓര്‍ത്തെടുക്കണം... 
ലഹരികള്‍ കുറ്റമല്ല അത് ഓര്‍മ്മയാണ്.. 
കട്ടചായ കുടിച്ചു കിറുങ്ങിയവന് ലഹരി നിറമാണ്‌... 
ഒറ്റപ്പെടല്‍ ആഘോഷമാണ്, ആള്‍ക്കൂട്ടമാണ്...   
നിന്റെ കയ്യില്‍ നീ പിടിക്കുന്നതിന്റെ 
നമുക്ക് ചുറ്റും നാം മാത്രമുള്ളതിന്റെ 
ആഘോഷങ്ങളാണ് തിരിച്ചു പോകലുകള്‍, 
അതിനോളം പോന്നൊരു ഓര്‍മ്മപെടുത്തല്‍ 
വേറെ ഇല്ല... 
  
അറിഞ്ഞ  ശരീരം ചവിട്ടി തയഞ്ഞ 
സൈക്കിള്‍ പോലെ 
മനസുകൊണ്ട് നിയന്ത്രിക്കാം... 
മനസ് പക്ഷെ വണ്ടിപിടിച്ച് ദൂരയാത്രയിലാണ്... 
നിയന്ത്രണങ്ങളില്ലാത്തതിനാല്‍  
വേഗത കൂടുതലാണ്... 
അബോധത്തിന് കുറുകെ ബോധത്തിന്റെ 
അപദസഞ്ചാരങ്ങളാണതു... 
ഇണചേരുന്നതിന്റെ പുളച്ചിലിനോടുവില്‍ 
എന്റെയുള്ളില്‍ പാമ്പുകള്‍ പറ്റംപറ്റമായി പെറ്റുപെരുകും 
അവ എന്റെ ഉള്‍ചുവരുകളില്‍ പുറ്റുകള്‍  ഉണ്ടാക്കും 
വിചാരണമുറിക്കുള്ളില്‍ അവ 
എനിക്കെതിരെയുള്ള തെളിവുകളാകും... 
എങ്കിലും ഉടലിനെ ഉടലോടു ചേര്‍ക്കുന്ന 
വേഗങ്ങള്‍ക്ക് മിതവേഗതാ ചട്ടങ്ങള്‍ 
പ്രാവര്‍ത്തികമാണോ? 
ഇണചേരുന്നതിനു  ന്യായീകരണമുണ്ടോ? 
അത് ഒളിച്ചോട്ടത്തിന്റെ ഒറ്റയ്ക്കാവലിന്റെ 
രസങ്ങളെ മുറിവേല്‍പ്പിക്കുമോ? 
എല്ലാ പുണര്‍ച്ചകള്‍ക്കും ഒടുവില്‍ 
നാം ഒറ്റയാക്കപെടുന്നില്ലേ? 
രതിയ്ക്കും തുടര്‍ച്ചയ്ക്കുമിടയില്‍ 
മനസിന്റെ സഞ്ചാരഗതി വിജാതീയമായിരിക്കും.. 
അറിഞ്ഞതിന്റെയും അറിവെത്താത്ത 
ഇടങ്ങളുടെയും ഉരസല്‍  . 
ഇണചേരാന്‍ മറ്റു കാരണങ്ങള്‍ വേണ്ടാത്ത 
ഒരു ലോകത്ത് വിജാതീയ ദ്രുവങ്ങള്‍ 
ഒന്നിക്കുമായിരിക്കും. 
അറിവുകള്‍ നിഷ്ഫലമാകുന്നിടത്തു 
സജാതീയമാവില്ല തന്നെ.
ഉടലുകള്‍ ജയിക്കട്ടെ. 
തോറ്റ മനുഷ്യര്‍ ഒളിത്താവളങ്ങള്‍ തേടിപ്പോകട്ടെ... 

Wednesday 21 December 2011

നാട് തീണ്ടല്‍

വീട്ടിനു മുന്‍പിലെ  നാലുംകൂടിയ കവല തിരിഞ്ഞാല്‍  
വയലിലെ കൊട്ടത്തെത്താം... 
എട്ടില്  തോറ്റുതോറ്റു മീശവന്ന 
സുന്ദരനും സഹപാഠിയുമായ ഷിജുനു 
മാപ്പിള പൊറാട്ട് കെട്ടുമ്പോ 
മറ്റാരേക്കാളും വിലയാണ്... 
തീച്ചാമുണ്ടി കെട്ടണ രാമന്‍ വണ്ണാനെ 
ഷാപ്പിന്റെ പരിസരത്തൊന്നും കാണാതാവും അതോടെ. 
വ്രതമല്ലേ മദ്യവും മദിരാക്ഷിയുമില്ലാത്ത കഠിനവ്രതം  
പാമ്പ് രാമന്‍ ദൈവമായാലും  കൈ വെറയ്ക്കും 
അനുഗ്രഹിക്കുമ്പോള്‍ ...   
മരംകേറുന്ന പഞ്ചുരുളി അമ്മേന്റെ ഉറയല് കാണാന്‍ 
വെളുക്കോളം ഉറങ്ങാണ്ടിരിക്കണം 
വയല്‍ വരമ്പിലെ കോലൈസും ചായ്പ്പിലെ ചുക്കിട്ട കാപ്പിയും 
ഉറക്കത്തിനു തടയിടുമെങ്കിലും മരംകേറ്റം തന്നെയാണ് മുഖ്യം. 
പെണ്ണിന് മരം കേറാമെന്നു ആദ്യം പഠിപ്പിച്ചത് അവരാണ്   
കൊളച്ചേരി മനേല് വിഷഘണ്ടന്‍ ഉറയാന്‍ 
തുലാം പത്തുവരെ കാക്കണം.  
കളരിവാതുക്കല്‍ പെരുകളിയാട്ടത്തിന്റെ കലശം 
കലാശമാവാന്‍ കളരിയാല്‍ ഭഗവതി ഉറയണം 
തുലാം മുതല്‍ ഇടവം വരെയുള്ള 
ഈ ചുവപ്പ് സഞ്ചാരങ്ങള്‍ 
പാലൂറുന്ന തുടുത്തു ചുവന്ന മുലകള്‍, 
മുടിതെയ്യങ്ങള്‍ മുടിയേറ്റങ്ങള്‍ തോറ്റങ്ങള്‍ 
പൊട്ടന്‍ തെയ്യത്തിന്റെ ദൈവേ വിളികള്‍ 
അതെ... 
ഓര്‍മ്മ ചീവിടിനെപോലെ മുരളുന്നുണ്ട് 
പാതിയായിപോയ ചില മുരള്‍ച്ചക്കൊടുവില്‍ 
തിരിച്ചു വരുന്നുണ്ട് എന്റെ നാട് 
എന്നിലേക്ക് 
ഇടമുറിഞ്ഞൊരു തോറ്റമായി. 

Sunday 18 December 2011

തരൂ നിന്റെ തോലുടുപ്പ്...

ഞാന്‍ മതം മാറുന്നു 
സംസാരങ്ങളില്‍ നിന്ന് 
നിശബ്തതയിലേക്ക്.
വിശ്വാസിയാകുന്നു,  
ഉടലെന്ന ദൈവത്താല്‍. 
ഉടല്‍പൂക്കുന്ന തെരുവുകളില്‍ നഗ്നയായി 
ദേശാന്തരങ്ങളെ കുടഞ്ഞു കളഞ്ഞു വിഹരിക്കുന്നു...
നിന്നെ ഞാന്‍ ആറാക്കുന്നു 
അടിയൊഴുക്കുള്ള  ഉടല്‍ജലാശയം.
അതില്‍ പുളയുന്നു ഇണമീനുകളുടെ മൂര്‍ച്ഛകള്‍. 
പുണര്‍ച്ചയുടെ ഏതോ പുലര്‍ച്ചകളില്‍ 
എന്റെ തൊലിക്കകത്തു നിനക്ക് പകരം  
എന്നെത്തന്നെ കണ്ടു വാവിട്ടുകരയുന്നു  


തെരുവോരങ്ങളില്‍ മഴപെയ്തു നനഞ്ഞ്  
വിളക്ക് കാലുകള്‍ക്ക് താഴെ തറഞ്ഞു നില്‍ക്കുമ്പോള്‍ 
ഈയാംപാറ്റകള്‍ എന്നെ ചുറ്റി പറക്കുന്നുണ്ട്‌ 
വെളിച്ചമോ നഗ്നതയോ അല്ല എന്റെ മേലില്‍ 
പുതഞ്ഞു കിടക്കുന്ന ജലകണങ്ങളോടാണ് അവയ്ക്ക് ദാഹം. 
നഗരത്തിരക്കില്‍ 
ജീവന്‍ വില്‍പ്പനയ്ക്കുണ്ട് /പണയം കൊടുക്കപ്പെടും 
എന്ന ബോര്‍ഡ് വച്ച 
കടയുടെ അരികുപറ്റി ഞാന്‍ ഒളിഞ്ഞിരിക്കുന്നു 
എന്നെങ്കിലും നീ എത്തിച്ചേര്‍ന്നാല്‍ 
നിനക്ക് നേരെ കുതിക്കാനുള്ള കുതിരക്കരുത്തുമായി... 
ആസക്തികള്‍ ഒടുങ്ങാത്ത മുറിവുകളെ നിന്റെ 
തുകലിനാല്‍ പുതപ്പിക്കാന്‍...



Friday 2 December 2011

തൃഷ്ണകള്‍ തിന്നുന്ന നീ ഞാന്‍ എന്നിങ്ങനെ....



വിലക്കപ്പെട്ട കനിയാണ് പുരുഷന്‍
എന്നാണ് ആദ്യം പറഞ്ഞത്/അറിഞ്ഞത് 
എനിക്ക് വഴങ്ങാത്ത ആ ശരീരത്തോടായിരുന്നു 
നിന്നോടായ്യിരുന്നില്ല ആദ്യത്തെ തോന്നല്‍. 
ഇണചേരുന്നതിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് 
ആദ്യം വായിച്ചതു കമ്പിപ്പുസ്തകത്തിലല്ല. 
നിന്റെ തോന്നലുകളില്‍ ഞാന്‍ ജയിച്ചു തുടങ്ങിയത് 
നിന്നെക്കാള്‍ ചൂടില്ല എന്റെ ചായക്ക് 
എന്ന തിരിച്ചറിവില്‍ നിന്നാണ്. 

തിരക്കുള്ള ബസ്സില്‍ കൈകള്‍ കൊണ്ടും 
അരക്കെട്ടുകൊണ്ടും ഇക്കിളിപ്പെടുത്തിയ 
അറപ്പുള്ള ആ അനുഭവത്തില്‍ നിന്ന് വിത്യാസമുണ്ടാവും  
പുരുഷന്റെ സ്പര്‍ശനത്തിന് എന്ന് 
നിന്റെ തിരച്ചിലുകള്‍ക്കൊടുവിലാണ് 
ഞാന്‍ കണ്ടെത്തിയത്. 
അത് പ്രണയമാണെന്ന് എന്നോട് ഞാന്‍ 
പറയാന്‍ ശ്രമിച്ചപ്പോഴൊക്കെ 
അല്ലെന്നു പറഞ്ഞത് പതര്‍ച്ചകളില്ലാത്ത 
പുളച്ചിലുകളായിരുന്നു         

പ്രലോഭനങ്ങളാണ് ശരീരങ്ങള്‍. 
തൃഷ്ണകള്‍ എണ്ണിനോക്കി കെട്ടുകളിടായ്കയാല്‍ 
പിടിവിട്ടു പോകുന്നുണ്ട് പരിധികള്‍ 
കട്ട് തിന്നുന്നതിന്റെ ചടുലതയാണ് 
നമ്മെ നമ്മളില്‍ നിന്നും മറച്ചു പിടിക്കുന്ന 
വസ്ത്രങ്ങളോടുള്ള ശരീരത്തിന്റെ പ്രതികാരം. 
നീ പക്ഷെ ഇനിയും പറഞ്ഞു തന്നില്ല 
മുക്കുവന്റെ വലയില്‍ കുടുങ്ങിയ ഇണമീനിന്റെ 
പിടച്ചിലോളം വരുമോ നമ്മുടെ മൂര്‍ച്ചകള്‍..



Wednesday 30 November 2011

ശവരതി



മരിച്ചവന്റെ അവകാശ സമരങ്ങള്‍ 
മണ്ണിനു വേണ്ടിയുള്ള പോരാട്ടങ്ങളല്ല, 
കത്തിതീരാനുള്ള വ്യഗ്രതയാണ്
പാതി വെന്ത രക്തസാക്ഷികളാണ് ശവങ്ങള്‍ 
അവര്‍ക്ക് വേണ്ടി ജീവന്റെ 
ഉച്ചഭാഷിണികളില്‍ സമരഗാനങ്ങള്‍ 
മുഴങ്ങുന്നുണ്ട് 
കേള്‍ക്കാന്‍ കാതുണ്ടാവുകയും ഒന്നും 
കേള്‍ക്കാതിരിക്കുകയും ചെയ്യുന്നതാവും 
അവരുടെ രാഷ്ട്രീയം 
മുദ്രാവാക്യങ്ങള്‍ ഉണ്ടാവില്ല അവനു 
വേണ്ടി നിന്റെ ഒച്ചയല്ലേ 
മുഴങ്ങി കേള്‍ക്കുന്നത്

കത്തിക്കുന്നതിന്റെ കൂലിക്കുവേണ്ടി 
ചുടുവന്‍ കാത്തിരിക്കുന്നുണ്ട് 
മരണം ഒരു വ്യവസായമാണ്‌ 
ഒത്ത വലുപ്പത്തിലുള്ള ശവപ്പെട്ടി 
മുതല്‍ റീത്തിലൂടെ 
കൊടിയും കോടിയുംവരെ 
ശ്മശാനവും തോളില്‍ ചുമന്നല്ലേ 
നമ്മുടെ യാത്രകള്‍ 
ഏതു വഴിയരികിലും ധൈര്യമായി 
മരിച്ചു വീഴാം 
ഐവര്‍ മഠം എന്ന ഭക്തഭൂമിക്ക്  
വില 1500 രൂപയാണ്. 
പയ്യാംബലത്തിനു 2000, 
സമുദായ ഭൂമിക്ക്‌ വില കുറവാണ്  
സ്വര്‍ഗ്ഗ പ്രവേശനം പക്ഷെ 
കമ്മിയാണ്... 
ഗുണനിലവാരം നോക്കണം, 
അളക്കണം.
ചാവുക എന്നതും ഒരു കലയാണ് 
പിന്നെ ചത്ത്‌  മലച്ചാല്‍ കേറി കിടക്കാന്‍ 
ഇടമുണ്ടോ എന്നതാണ് പ്രസക്തം
ശ്മശാന സഞ്ചാരം ഇലട്രീസിറ്റി ബോര്‍ഡ് 
ഉള്ളടുത്തോളം മുടങ്ങില്ല..
കത്തിച്ചു ഭംഗിയാക്കിത്തരും

ഇതൊന്നും പക്ഷെ എന്റെ മോഹങ്ങളല്ല 
കുഴിച്ചു മൂടണം എന്നെ..
മണ്ണിനടിയില്‍ ശവരതിയിലാണ് 
എന്റെ താല്‍പ്പര്യം
ഒറ്റയ്ക്ക് വേണ്ട അതിനു കൂട്ടുണ്ടാകണം
എന്ന് മാത്രം...  
ശവരതി എന്ന ഉപമയില്‍ ഞാന്‍ 
ഇണചേര്‍ക്കപ്പെടുന്നു.
മണ്ണിനടിയില്‍ പ്രണയത്തിന്റെ ഈര്‍പ്പത്തില്‍ 
രണ്ടു മണ്ണുടലുകള്‍... 
നൂറ്റാണ്ടുകള്‍ക്ക് ശേഷം മണ്‍വെട്ടിയുമായി 
വരും ഒരാള്‍.
പക്ഷെ അയാള്‍ക്ക്‌ വേര്‍പെടുത്താനാവില്ല 
ഉദ്ധരിച്ച കാമംഅതിന്റെ ലാവ.  
കലാന്തരങ്ങളുടെ മരണമാവാം 
നിങ്ങളിലൂടെ മുറവിളികൂട്ടുന്നത്‌ 
അവന്റെ ഒച്ചയ്ക്കും അനക്കത്തിനും, 
ഭൂമിക്കും കാലപ്പഴക്കമുണ്ട്... 
ഇന്നുമരിച്ചവന്റെയും നാളെ 
മരിക്കാനിരിക്കുന്നവന്റെയും 
ശവഘോഷയാത്രകള്‍ ,എവിടെയെങ്കിലും വച്ച് 
കൂടിചേരുന്നുണ്ടാകും അന്ന് അവരുടെ ശരീരം 
ശരീരമില്ലായ്മയാല്‍ ഉദ്ധരിക്കപെടും...