Sunday 18 December 2011

തരൂ നിന്റെ തോലുടുപ്പ്...

ഞാന്‍ മതം മാറുന്നു 
സംസാരങ്ങളില്‍ നിന്ന് 
നിശബ്തതയിലേക്ക്.
വിശ്വാസിയാകുന്നു,  
ഉടലെന്ന ദൈവത്താല്‍. 
ഉടല്‍പൂക്കുന്ന തെരുവുകളില്‍ നഗ്നയായി 
ദേശാന്തരങ്ങളെ കുടഞ്ഞു കളഞ്ഞു വിഹരിക്കുന്നു...
നിന്നെ ഞാന്‍ ആറാക്കുന്നു 
അടിയൊഴുക്കുള്ള  ഉടല്‍ജലാശയം.
അതില്‍ പുളയുന്നു ഇണമീനുകളുടെ മൂര്‍ച്ഛകള്‍. 
പുണര്‍ച്ചയുടെ ഏതോ പുലര്‍ച്ചകളില്‍ 
എന്റെ തൊലിക്കകത്തു നിനക്ക് പകരം  
എന്നെത്തന്നെ കണ്ടു വാവിട്ടുകരയുന്നു  


തെരുവോരങ്ങളില്‍ മഴപെയ്തു നനഞ്ഞ്  
വിളക്ക് കാലുകള്‍ക്ക് താഴെ തറഞ്ഞു നില്‍ക്കുമ്പോള്‍ 
ഈയാംപാറ്റകള്‍ എന്നെ ചുറ്റി പറക്കുന്നുണ്ട്‌ 
വെളിച്ചമോ നഗ്നതയോ അല്ല എന്റെ മേലില്‍ 
പുതഞ്ഞു കിടക്കുന്ന ജലകണങ്ങളോടാണ് അവയ്ക്ക് ദാഹം. 
നഗരത്തിരക്കില്‍ 
ജീവന്‍ വില്‍പ്പനയ്ക്കുണ്ട് /പണയം കൊടുക്കപ്പെടും 
എന്ന ബോര്‍ഡ് വച്ച 
കടയുടെ അരികുപറ്റി ഞാന്‍ ഒളിഞ്ഞിരിക്കുന്നു 
എന്നെങ്കിലും നീ എത്തിച്ചേര്‍ന്നാല്‍ 
നിനക്ക് നേരെ കുതിക്കാനുള്ള കുതിരക്കരുത്തുമായി... 
ആസക്തികള്‍ ഒടുങ്ങാത്ത മുറിവുകളെ നിന്റെ 
തുകലിനാല്‍ പുതപ്പിക്കാന്‍...



No comments:

Post a Comment