Wednesday 21 December 2011

നാട് തീണ്ടല്‍

വീട്ടിനു മുന്‍പിലെ  നാലുംകൂടിയ കവല തിരിഞ്ഞാല്‍  
വയലിലെ കൊട്ടത്തെത്താം... 
എട്ടില്  തോറ്റുതോറ്റു മീശവന്ന 
സുന്ദരനും സഹപാഠിയുമായ ഷിജുനു 
മാപ്പിള പൊറാട്ട് കെട്ടുമ്പോ 
മറ്റാരേക്കാളും വിലയാണ്... 
തീച്ചാമുണ്ടി കെട്ടണ രാമന്‍ വണ്ണാനെ 
ഷാപ്പിന്റെ പരിസരത്തൊന്നും കാണാതാവും അതോടെ. 
വ്രതമല്ലേ മദ്യവും മദിരാക്ഷിയുമില്ലാത്ത കഠിനവ്രതം  
പാമ്പ് രാമന്‍ ദൈവമായാലും  കൈ വെറയ്ക്കും 
അനുഗ്രഹിക്കുമ്പോള്‍ ...   
മരംകേറുന്ന പഞ്ചുരുളി അമ്മേന്റെ ഉറയല് കാണാന്‍ 
വെളുക്കോളം ഉറങ്ങാണ്ടിരിക്കണം 
വയല്‍ വരമ്പിലെ കോലൈസും ചായ്പ്പിലെ ചുക്കിട്ട കാപ്പിയും 
ഉറക്കത്തിനു തടയിടുമെങ്കിലും മരംകേറ്റം തന്നെയാണ് മുഖ്യം. 
പെണ്ണിന് മരം കേറാമെന്നു ആദ്യം പഠിപ്പിച്ചത് അവരാണ്   
കൊളച്ചേരി മനേല് വിഷഘണ്ടന്‍ ഉറയാന്‍ 
തുലാം പത്തുവരെ കാക്കണം.  
കളരിവാതുക്കല്‍ പെരുകളിയാട്ടത്തിന്റെ കലശം 
കലാശമാവാന്‍ കളരിയാല്‍ ഭഗവതി ഉറയണം 
തുലാം മുതല്‍ ഇടവം വരെയുള്ള 
ഈ ചുവപ്പ് സഞ്ചാരങ്ങള്‍ 
പാലൂറുന്ന തുടുത്തു ചുവന്ന മുലകള്‍, 
മുടിതെയ്യങ്ങള്‍ മുടിയേറ്റങ്ങള്‍ തോറ്റങ്ങള്‍ 
പൊട്ടന്‍ തെയ്യത്തിന്റെ ദൈവേ വിളികള്‍ 
അതെ... 
ഓര്‍മ്മ ചീവിടിനെപോലെ മുരളുന്നുണ്ട് 
പാതിയായിപോയ ചില മുരള്‍ച്ചക്കൊടുവില്‍ 
തിരിച്ചു വരുന്നുണ്ട് എന്റെ നാട് 
എന്നിലേക്ക് 
ഇടമുറിഞ്ഞൊരു തോറ്റമായി. 

No comments:

Post a Comment